കൊച്ചി: എട്ടുമണിക്കൂറിലേറെ നീണ്ട കാത്തിരിപ്പുകള്‍ വിഫലമാക്കി മൂന്നുവയസുകാരിയുടെ മൃതദേഹം ചാലക്കുടിപ്പുഴയില്‍നിന്ന് കണ്ടെത്തി. പുത്തന്‍കുരിശ് മറ്റക്കുഴി കീഴ്പ്പിള്ളി സുഭാഷിന്റെ മകള്‍ കല്യാണിയാണ് മരിച്ചത്. ആലുവയില്‍നിന്നുള്ള സ്‌കൂബാ ഡൈവിങ് സംഘം ചൊവ്വ പുലര്‍ച്ചെ രണ്ടേകാലോടെയാണ് മൂഴിക്കുളം പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ പുഴയിലെറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ് അമ്മയുള്ളത്.
അമ്മയ്ക്കൊപ്പം യാത്രചെയ്യവേ കല്യാണിയെ കാണാതായെന്ന വാര്‍ത്ത തിങ്കള്‍ വൈകിട്ട് ഏഴരയോടെ പുറത്തുവന്നതുമുതല്‍ നാടുമുഴുവന്‍ തിരച്ചിലിലായിരുന്നു. സുഭാഷിന്റെ പരാതിയില്‍ പുത്തന്‍കുരിശ് പോലീസ് കേസെടുത്തതിനു പിന്നാലെ ജില്ലയിലും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് തിങ്കള്‍ പകല്‍ 3.30ന് കല്യാണിയെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു അമ്മ. ആലുവ വരെ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് അമ്മ ആദ്യം പോലീസിന് മൊഴി നല്‍കി. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തില്‍നിന്ന് എറിഞ്ഞതായി ഇവര്‍ പറഞ്ഞു. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തേക്ക് അമ്മയും കുട്ടിയും പോകുന്നതും തിരിച്ച് അമ്മ മാത്രം വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതോടെ ഇവിടേയ്ക്ക് തിരച്ചില്‍ കേന്ദ്രീകരിച്ചു. കനത്ത മഴയിലും പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരിച്ചിലിനിറങ്ങിയാണ് കുട്ടിയെ കണ്ടെത്തിയത്.
മൂന്നര വയസ്സുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു കൊലപാതകത്തിനു പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമാണോയെന്നും പോലീസ് അന്വേഷിക്കും. ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസില്‍ നിന്നും കാണാതായെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും ആണ് ബന്ധുക്കള്‍ പറയുന്നത്. ആറാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്.
Related News