ഗാസ- ഗാസയില്‍ ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുന്നു. ഗാസ സിറ്റിയിലെ ദരാജ് പരിസരത്തെ മാര്‍ക്കറ്റില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ നില ഗുരുതരമാണ്. ഇതോടെ, ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസ മുനമ്പില്‍ നടക്കുന്ന ഇസ്രായേലി ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ ഗാസ മുനമ്പിലെ അല്‍-ഔദ ആശുപത്രിക്ക് ചുറ്റുമുള്ള ജലസംഭരണികളെയും ഇസ്രായേല്‍ സേന ലക്ഷ്യമിട്ടു. മധ്യ ഗാസ മുനമ്പിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലും വ്യോമാക്രമണം നടന്നു.
ഗാസയില്‍ മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്. ഇസ്രായേല്‍ ഉപരോധം കാരണം സഹായമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 14,000-ത്തോളം കുഞ്ഞുങ്ങള്‍ക്ക് അടുത്ത 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കാരണം ഗാസയിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ വക്താവ് ലൂയിസ് വാട്ടറിഡ്ജ് അറിയിച്ചു. ഏകദേശം 53,573 പലസ്തീനികള്‍ ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും 121,688 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.
ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആശുപത്രികളില്‍ മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. യൂറോപ്യന്‍ ഹോസ്പിറ്റല്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതിനാല്‍, രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്കെതിരെ യുഎന്‍, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വെടിനിര്‍ത്തലിനും കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിനും വേണ്ടിയുള്ള സമ്മര്‍ദ്ദം തുടരുകയാണ്.
Related News