വാഷിംഗ്ടണ്‍ - അമേരിക്കയിലെ ഇസ്രായേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചു. ബുധനാഴ്ച വൈകുന്നേരം ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേരും രാത്രിയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിക്കാഗോ സ്വദേശിയായ 30 വയസ്സുകാരന്‍ ഏലിയാസ് റോഡ്രിഗസിനെ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ 'ഫ്രീ, ഫ്രീ പലസ്തീന്‍' എന്ന് വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു.
'സെമിറ്റിക് വിരുദ്ധ ഭീകരതയുടെ ഹീനമായ പ്രവൃത്തി' എന്നാണ് ഇസ്രായേല്‍ അധികൃതര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. വടക്കുപടിഞ്ഞാറന്‍ ഡിസിയിലെ എഫ്ബിഐയുടെ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസില്‍ നിന്ന് ഏതാനും അടി അകലെയാണ് വെടിവെപ്പ് നടന്നത്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ മരണങ്ങള്‍ സ്ഥിരീകരിച്ചു. സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവത്തിന്റെ പൂര്‍ണ്ണമായ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഫെഡറല്‍ അധികാരികള്‍ പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
'വാഷിംഗ്ടണ്‍ ഡിസിയിലെ ജൂത മ്യൂസിയത്തിന് സമീപം ഇസ്രായേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇന്ന് രാത്രി ദാരുണമായി കൊല്ലപ്പെട്ടു. ഞങ്ങള്‍ സജീവമായി അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിക്കുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. കുറ്റവാളിയെ ഞങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,' നോം എക്സില്‍ കുറിച്ചു.
കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും അമേരിക്കയിലെ ഇസ്രായേല്‍ നയതന്ത്ര ദൗത്യവുമായി ബന്ധപ്പെട്ടവരായിരുന്നു. സംഭവം ഇസ്രായേല്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആക്രമണം നടക്കുമ്പോള്‍ അംബാസഡര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയതൊഴിച്ചാല്‍ കൂടുതല്‍ പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.
Related News