മുംബൈ: മുംബൈയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ശിവസേന നേതാവും സാമൂഹിക മാധ്യമങ്ങളുടെ ചുമതലയുമുളള രഹൂല്‍ കനല്‍ ആണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് അദ്ദേഹം കത്തയച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താനു തൂര്‍ക്കി പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണിത്. തുര്‍ക്കിയക്കെതിരായ ബഹിഷ്‌കരണം വ്യാപാര വാണിജ്യ മേഖലയിലും നടന്നുവരികയാണ്. തുര്‍ക്കിയയില്‍ നിന്നുമുള്ള ബേക്കറി ഉല്‍പന്നങ്ങളൂം ബേക്കറി യന്ത്രങ്ങളും ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം.
തുര്‍ക്കിയയില്‍ ടൂറിസ്റ്റുകളായി എത്തുന്നത് പ്രധാനമായും ഇന്ത്യക്കാരാണ്. എന്നാല്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനെതിരായി, പാകിസ്താന് പിന്തുണ നല്‍കിയിരിക്കുകയാണ് തുര്‍ക്കി. ഈ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നും തുര്‍ക്കിയയിലേക്കുളള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് രാഹൂലിന്റെ ആവശ്യം.
Related News