കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.376 കി.മീ.) അകലെ ചെരിഞ്ഞ ലൈബീരിയന്‍ ചരക്കുകപ്പലായ എം.എസ്.സി എല്‍സ 3 പൂര്‍ണമായും മുങ്ങി. കപ്പലിനെ ഉയര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കപ്പല്‍ മുങ്ങുമെന്ന് ഉറപ്പായതോടെ അവശേഷിച്ചിരുന്ന മൂന്ന് ജീവനക്കാരെ രാവിലെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ആകെ 400ഓളം കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. കണ്ടെയ്നറുകളില്‍ല എന്താണെന്ന കാര്യം വ്യക്തമല്ല. കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്ക ഉണ്ടായിട്ടുണ്ട്.
23ന് വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം. അടിയന്തരസഹായം ആവശ്യപ്പെട്ട് കപ്പലില്‍നിന്ന് അറിയിപ്പ് ലഭിച്ചയുടന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ശനിയാഴ്ച ച്ചക്ക് 1.25ഓടെ അപകടത്തില്‍പെട്ട കപ്പല്‍ ചരിഞ്ഞതോടെ അപകടകരമായ വസ്തുക്കളടങ്ങുന്ന കണ്ടെയ്‌നറുകള്‍ കടലില്‍ പതിക്കുകയായിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ മറൈന്‍ ഗ്യാസൊലിന്‍, ഹൈ ഡെന്‍സിറ്റി ഡീസല്‍ എന്നിവയടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ ഒമ്പതുപേര്‍ അപകട സമയത്ത് തന്നെ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് കടലില്‍ ചാടിയിരുന്നു. ഇവര്‍ ഉള്‍പ്പെടെ 21 പേരെ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. അവശേഷിച്ച് ക്യാപ്റ്റന്‍ അടക്കമുള്ള മൂന്നുപേരെ ഇന്നു രാവിലെയും രക്ഷപ്പോടുത്തി. നാവികസേന, കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും വിമാനങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Related News