ബെംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. സംസ്ഥാനത്തും ബെംഗളൂരുവിലും കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'ആശങ്കപ്പെടാനൊന്നുമില്ല. ഇത് വളരെ സാധാരണമായ ഒരു സാഹചര്യമാണ്. കഴിഞ്ഞ 15 ദിവസമായി കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സാങ്കേതിക ഉപദേശക സമിതി അടുത്തിടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. 'കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രത്യേകിച്ച് ആശുപത്രികളിലുള്ളവര്‍, കോവിഡ്-19 പരിശോധന നടത്തണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബെംഗളൂരുവില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ മരിച്ചതായി കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. മരിച്ചയാള്‍ 85 വയസ്സുള്ള പുരുഷനാണെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോള്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 38 സജീവ കേസുകളാണുള്ളത്. ഇതില്‍ 32 എണ്ണം ബെംഗളൂരുവിലാണ്. ബെംഗളൂരുവില്‍ 92 പേരെ പരിശോധിച്ചതില്‍ രണ്ടുപേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.
ബെല്ലാരി, ബെംഗളൂരു റൂറല്‍, മംഗളൂരു, വിജയനഗര ജില്ലകളില്‍ ഓരോ സജീവ കേസുകളും മൈസൂരു ജില്ലയില്‍ രണ്ട് സജീവ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ബെലഗാവിയില്‍ പൂനെയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു ഗര്‍ഭിണിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ധാര്‍വാഡ് ഉള്‍പ്പെടെ നിരവധി ജില്ലാ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 10 കിടക്കകളുള്ള ഐസിയു വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. ഞായറാഴ്ച മുതല്‍ കര്‍ണാടകയിലെ എട്ട് മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് പരിശോധന ആരംഭിക്കാന്‍ സാങ്കേതിക ഉപദേശക സമിതി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
Related News