ജിദ്ദ: ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് നുസുക് കാര്‍ഡ് നിര്‍ബന്ധമാക്കി ഹജ്, ഉംറ മന്ത്രാലയം. യാത്രയിലുടനീളം തീര്‍ഥാടകര്‍ നുസുക് കാര്‍ഡ് കൈവശം വെക്കേണ്ടത് അത്യാവശ്യമാണെന്നും ഇത് ഹജ് ക്രമീകരണങ്ങളുടെ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. നുസുക് കാര്‍ഡ് പ്രിന്റ് രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ ഉപയോഗിക്കാവുന്നതാണ്.
പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള യാത്രകള്‍ ക്രമീകരിക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് നുസുക് കാര്‍ഡെന്ന് മന്ത്രാലയം വിശദീകരിച്ചു. കാര്‍ഡ് കൈവശമുള്ളതിലൂടെ തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഹജ് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും അതുവഴി കൂടുതല്‍ സൗകര്യവും സുരക്ഷയും ഉറപ്പാക്കാനും സാധിക്കും.
ആവശ്യപ്പെടുമ്പോള്‍ നുസുക് കാര്‍ഡ് ഹാജരാക്കണമെന്നും കാര്‍ഡ് ഇല്ലാതെ യാത്ര ചെയ്യരുതെന്നും മന്ത്രാലയം തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഫീല്‍ഡ് സേവനങ്ങള്‍ സുഗമമാക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Related News