ദോഹ :പഹല്‍ഗാം ഭീകരാക്രമണവും മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികളും വിശദീകരിക്കാന്‍ ഖത്തറില്‍ എത്തിയ സര്‍വകക്ഷി സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി. രണ്ടു ദിവസങ്ങളിലായി തിരക്കിട്ട ചര്‍ച്ചകളും, ഉന്നത തല കൂടികാഴ്ചകളും പൂര്‍ത്തിയാക്കിയ സംഘം നാളെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.
എന്‍.സി.പി നേതാവും പാര്‍ലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘം, ഖത്തര്‍ പാര്‍ലമെന്റ് സമിതിയായ ശൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. ഹംദ ബിന്‍ത് ഹസന്‍ അല്‍ സുലൈതി, മറ്റ് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, ഖത്തറിലെ പ്രമുഖ അറബ്, ഇംഗ്ലീഷ് മാധ്യമ ഗ്രൂപ്പായ അല്‍ ഷര്‍ഖ്-ദി പെനിന്‍സുല എഡിറ്റോറിയല്‍ പ്രതിനിധികള്‍, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഫോര്‍ ഗ്ലോബല്‍ അഫയേഴ്‌സ് അംഗങ്ങള്‍ എന്നിവരുമായാണ് ആദ്യദിവസം കൂടിക്കാഴ്ച നടത്തിയത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുടെ നയവും, ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികളും പാകിസ്താന്‍ ഉയര്‍ത്തുന്ന ഭീകരവാദ ഭീഷണികളും സംഘം വിശദീകരിച്ചു.
ഇന്ന് രാവിലെ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയുമായും, ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് ആല്‍ഥാനിയുമായും നടത്തിയ കൂടികാഴ്ചകള്‍ ഫലപ്രദമായിരുന്നുവെന്നും, രാജ്യം നേരിടുന്ന അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ ദുരന്തഫലങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും ഇന്ത്യന്‍ പ്രതിനിധി സംഘം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുകയാണ് 33 രാജ്യങ്ങളിലേക്കായി നിയോഗിക്കപ്പെട്ട പ്രതിനിധി സംന്ദര്‍ശന ദൗത്യമെന്ന് സംഘത്തെ നയിച്ച സുപ്രിയ സുലെ എം.പി പറഞ്ഞു. ഓരോ കൂടികാഴ്ചകളിലും ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് ഊഷ്മളമായ സ്വീകരണമായിരുന്നു ലഭിച്ചതെന്നും, ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.
ഇതാദ്യമായല്ല ഇന്ത്യ അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തിന് ഇന്ത്യ ഇരയാകുന്നതെന്ന് മാധ്യമ പ്രതിനിധികളുമായുള്ള കൂടികാഴ്ചയില്‍ ചോദ്യത്തിനുള്ള മറുപടിയായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ പറഞ്ഞു. പാര്‍ലമെന്റ് ആക്രമണവും, 2008ല്‍ മുംബൈ ഭീകരാക്രമണവും, ഉറിയിലേതുള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്കും ഇന്ത്യ വിധേയമായിട്ടുണ്ട്. ഇതിനെല്ലാം പിന്നില്‍ പാകിസ്താന്‍ പിന്തുണക്കുന്ന ഭീകര സംഘടനകളാണെന്ന് തെളിവുകള്‍ സഹിതം വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നയം തന്നെ രൂപപ്പെടുത്തി പാകിസ്താന്‍ ഇന്ത്യയിലേക്ക് ഭീകരാക്രമണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ലോകത്തിന് മുമ്പാകെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഒമ്പതംഗ സംഘം ചൊവ്വാഴ്ച രാവിലെ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും. തുടര്‍ന്ന് എത്യോപ്യ, ഈജിപ്ത് സന്ദര്‍ശനത്തോടെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങും. കേരളത്തില്‍ നിന്നും മുന്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ എം.പിമാരായ രാജീവ് പ്രതാപ് റുഡി (ബി.ജെ.പി), വിക്രംജിത് സിങ് സാഹ്നി (എ.എ.പി), മനീഷ് തിവാരി (കോണ്‍ഗ്രസ്), അനുരാഗ് സിങ് ഠാകുര്‍ (ബി.ജെ.പി), ലവ്‌റു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), മുന്‍ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ (കോണ്‍ഗ്രസ്), യു.എന്നിലെ മുന്‍ സ്ഥിരം പ്രതിനിധിയും മുന്‍ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Related News