റിയാദ്: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സംഗമവും നടന്നു. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സംഗമത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.എല്‍.കെ അജിത്ത് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.
സ്വന്തം അമ്മയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തു കൊണ്ട് രാജ്യത്തിന്റെ വികസന വിപ്ലവത്തിന് രാജീവ് ഗാന്ധി തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ത്യയെ കൈപിടിച്ചു ഉയര്‍ത്തിയത് ഒരു ടെലികമ്യൂണിക്കേഷന്‍ വിപ്ലവത്തിലേക്കാണ്. രാജീവ് ഗാന്ധി കൊണ്ടുവന്ന ഐടി നയം പിന്നീടങ്ങോട്ട് ടെക്നോളജി രംഗത്ത് ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടങ്ങളുടെ കാഴ്ചകളായിരുന്നു. അതോടൊപ്പം ഇന്ത്യ ഉദാരവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതും അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെ. ഇക്കാലത്ത് നികുതികളില്‍ ഇളവുണ്ടാകുന്നു. ലൈസന്‍സിങ് ചട്ടങ്ങള്‍ മയപ്പെടുന്നു. സ്വാഭാവികമായും രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നതിനും സഹായിച്ചതായി മുഖ്യപ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ബൊഫേഴ്‌സ് അഴിമതി ആരോപണം ഉന്നയിച്ച് ജീവിത കാലത്ത് ഒരു പാട് അദ്ദേഹത്തെ വേട്ടയാടിയത് നമ്മള്‍ കണ്ടതാണ്, എന്നാല്‍ ആ ആരോപണങ്ങള്‍ എല്ലാം കെട്ടിചമച്ചതാണന്ന് പിന്നീട് തെളിയുകയും, കാര്‍ഗില്‍ യുദ്ധ സമയത്ത് നമ്മുടെ വിജയത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ബൊഫോഴ്‌സ് തോക്കുകളായിരുന്നു എന്നതും നമ്മള്‍ ഓര്‍ക്കണമെന്നും, യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ പങ്കാളികളാകുവാനായി പതിനെട്ട് വയസ്സാക്കിയത് മുതല്‍, രാജ്യത്തിന്റെ ഇന്നു കാണുന്ന ഓരോ മാറ്റങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകളാണന്നും, രാജ്യത്തിനു നഷ്ടമായത് വെറുമൊരു കോണ്‍ഗ്രസ് നേതാവ് മാത്രമായിരുന്നില്ല, ലോകം ആദരിക്കുന്ന വലിയ വ്യക്തിത്വവും മനുഷ്യ മഹാപ്രതിഭയായിരുന്ന രാജീവ് ഗാന്ധി എന്ന യുവ നേതാവിനെയായിരുന്നു. അദ്ധേഹത്തിന്റെ ധീര രക്തസാക്ഷ്യത്വത്തിന് മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് കൊള്ളുന്നതായി ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലുകുട്ടന്‍, ഷാനവാസ് മുനമ്പത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, അശ്‌റഫ് മേച്ചേരി, നാസര്‍ ലെയ്‌സ്, വിവിധ ജില്ല ഭാരവാഹികളായ ഉമര്‍ ഷരീഫ്, നാസര്‍ വലപ്പാട്, മാത്യു, ഹരീന്ദ്രന്‍ കണ്ണൂര്‍, നസീര്‍ ഹനീഫ, മൊയ്തീന്‍ മണ്ണാര്‍ക്കാട്, റഫീഖ് പട്ടാമ്പി വനിതാവേദി ഭാരവാഹികളായ സൈഫുന്നീസ സിദ്ധീഖ്, സ്മിത മുഹിയിദ്ദീന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഓഡിറ്റര്‍ നാദിര്‍ഷാ റഹ്‌മാന്‍ ആമുഖവും, ഗ്ലോബല്‍ കമ്മിറ്റി അംഗം യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും, സെക്രട്ടറി ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ഛന നടത്തി. സജീര്‍ പൂന്തുറ, അബ്ദുല്‍ കരീം കൊടുവള്ളി, ബഷീര്‍ കോട്ടക്കല്‍, നാസര്‍ മാവൂര്‍, ഷാജി മടത്തില്‍,സിദ്ധീഖ് കല്ലുപറമ്പന്‍, അന്‍സായി ഷൗക്കത്ത്, സൈനുദ്ധീന്‍ വല്ലപ്പുഴ, ഭദ്രന്‍, ഷംസീര്‍ പാലക്കാട് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.
Related News