റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വേഗത്തിലാക്കാന്‍ നിയമപരമായ സാധ്യതകള്‍ പരമാവധി തേടുമെന്ന് റിയാദ് സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഹീമിന്റെ അഭിപ്രായം അറിഞ്ഞതിനുശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീല്‍ സാധ്യതകള്‍ പരിശോധിക്കും. അറസ്റ്റ് രേഖപ്പെടുത്തിയ 2006 ഡിസംബര്‍ 24 മുതല്‍ 20 വര്‍ഷം പൂര്‍ത്തിയാകുന്നതുവരെയുള്ള കാലത്തേക്കുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതനുസരിച്ച് 2026 ഡിസംബര്‍ മാസത്തിലായിരിക്കും മോചനത്തിന് സാധ്യത. ഹിജ്‌റ വര്‍ഷം അനുസരിച്ചാണെങ്കില്‍ 1447 ദുല്‍ഹജ്ജ് മാസത്തില്‍ (2026 മെയ്) 20 വര്‍ഷം പൂര്‍ത്തിയാവേണ്ടതാണ്. എന്നാല്‍ ഏത് കലണ്ടര്‍ അനുസരിച്ചായിരിക്കും തുടര്‍ നടപടി എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ തടവുശിക്ഷ തീരുന്ന കൃത്യ തീയതി ഇപ്പോള്‍ പറയാനാവില്ലെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിയുണ്ടായത്്.
ശിക്ഷയില്‍ ഇളവ് ലഭിച്ച് മോചനം വേഗത്തിലാക്കാന്‍ നിയമപരമായി എന്തെല്ലാം സാധ്യതകള്‍ ഉണ്ടോ അതെല്ലാം തേടും. കോടതി ഉത്തരവിറങ്ങി 30 ദിവസമാണ് അപ്പീല്‍ പോകാനുള്ള കാലയളവ്. പ്രാഥമിക വിധിയാണ് ഇപ്പോള്‍ കോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മേല്‍ക്കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മേല്‍ കോടതി ശരിവെച്ചാല്‍ പകര്‍പ്പ് ഗവര്‍ണറേറ്റ് ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങും. പിന്നീടായിരിക്കും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുക.
തടവുകാര്‍ക്ക് പലതരം ആനുകൂല്യങ്ങളും പൊതുമാപ്പും സര്‍ക്കാര്‍ നല്‍കാറുണ്ട്. ശിക്ഷ കാലാവധി അവസാനിക്കും മുമ്പ് അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടായാല്‍ അത് ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തും. ചെയ്ത കുറ്റം മറച്ചുവെച്ചതിനുള്ള പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള ശിക്ഷയാണ് 20 വര്‍ഷത്തെ തടവ് എന്നാണ് പ്രാഥമിക വിധിയുടെ പകര്‍പ്പിലെ വിശദാംശങ്ങളില്‍നിന്ന് മനസിലാകുന്നതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയര്‍മാന്‍ സി.പി. മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, സിദ്ധിഖ് തുവ്വൂര്‍, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടാമ്പപ്പുഴ, നൗഫല്‍ പാലക്കാടന്‍, സുരേന്ദ്രന്‍ കൂട്ടായി, സുധീര്‍ കുമ്മിള്‍, നവാസ് വെള്ളിമാട് കുന്ന്, ഷൗക്കത്ത് ഫറോക് എന്നിവര്‍ പങ്കെടുത്തു.
Related News