റിയാദ്: സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 30 ദിവസത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ച്ച് ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും ഈ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുക.
പുതിയ നയം 2025 ജൂണ്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. 2026 ജൂണ്‍ 8 വരെ ഇതു തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നാല് രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ബിസിനസ്സ്, വിനോദ സഞ്ചാരം, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കല്‍, കൈമാറ്റങ്ങള്‍, ഗതാഗതം എന്നിവയ്ക്കായി ചൈനയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടാകുമെന്ന് മാവോ വ്യക്തമാക്കി.
2018 മുതല്‍ യുഎഇയുമായും ഖത്തറുമായും പരസ്പര നയങ്ങള്‍ നടപ്പിലാക്കിയ ചൈന ഇപ്പോള്‍ എല്ലാ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേക്കും വിസ രഹിത പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 'ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ സുഹൃത്തുക്കളെ ചൈനയിലേക്ക് ഒരു അപ്രതീക്ഷിത യാത്ര ആരംഭിക്കാന്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,' മാവോ പറഞ്ഞു.
സൗദി അറേബ്യ ചൈനയുമായി നല്ല സൗഹൃദബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. സംഘമായുള്ള വിനോദ സഞ്ചാരികളുടെ വിസ നടപടികള്‍ എളുപ്പമാക്കുന്ന നടപടികള്‍ക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഫലമായി ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്. പുതിയ പ്രഖ്യാപനത്തോടെ ഇതു കൂടുതല്‍ ശക്തിപ്പെടും.
പ്രതിവര്‍ഷം 5 ദശലക്ഷം ചൈനീസ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും ശക്തമായ വ്യാപാര ബന്ധവും പങ്കിടുന്നു. ഗള്‍ഫിലെ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ.
Related News