മുംബൈ: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കിയതിന്റെ പേരില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ലോവര്‍ പരേല്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ അസിസ്റ്റന്റ് വെരിഫിക്കേഷന്‍ ഓഫീസറായ അക്ഷയ് കുമാര്‍ മീന, എജന്റ് ബാവേഷ് ശാന്തിലാല്‍ സിങ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. കൈക്കൂലി വാങ്ങിയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നല്‍കിയിരുന്നത്.
വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി ഇവര്‍ പാസ്പോര്‍ട്ട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തി. 2023- 2024 കാലഘട്ടത്തിലാണ് ഇവര്‍ ഗൂഢാലോചന നടത്തി സാമ്പത്തിക നേട്ടത്തിനായി പാസ്പോര്‍ട്ട് അനുബന്ധ ജോലികള്‍ ചെയ്തത്. വ്യാജമായി നിര്‍മ്മിച്ച ആധാര്‍കാര്‍ഡ് കോപ്പി, പാന്‍കാര്‍ഡ് കോപ്പി, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച ഏഴ് പേര്‍ക്കാണ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കയതെന്നാണ് കണ്ടെത്തല്‍.
പാസ്പോര്‍ട്ടില്‍ അപേക്ഷകര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തത്കാല്‍ സ്‌കീം പ്രകാരം അനുവധിച്ച പാസ്പോര്‍ട്ടുകള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് പൊലീസ് വെറിഫിക്കേഷന്‍ റിപ്പോര്‍ട്ടുകളിലൂടെയാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂണ്‍ രണ്ട് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
Related News