റിയാദ്: ഹജ് തീര്‍ഥാടകരുടെ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള യാത്രാ നടപടികള്‍ നാട്ടിലെ എംപാര്‍ക്കേഷന്‍ പോയന്റില്‍നിന്നു തന്നെ പൂര്‍ത്തിയാക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയം ആവിഷ്‌കരിച്ച 'മക്ക റൂട്ട് പദ്ധതി' മാല ദ്വീപിലും ആരംഭിച്ചു. ഇതോടെ ഈ പദ്ധതി നടപ്പാക്കിയ എട്ടാമത്തെ രാജ്യമായി മാലദ്വീപ്. 'വിഷന്‍ 2030'ന്റെ പരിപാടികളിലൊന്നായ മക്ക റൂട്ട് പദ്ധതി ഏഴാം വര്‍ഷമാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നിവിടങ്ങളില്‍ പദ്ധതി നേരത്തെ നടപ്പാക്കിയിരുന്നു. ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലേക്കു പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
മാല ദ്വീപ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചില്‍ നടന്ന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ മാല ദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോയിസ്, 'മക്ക റൂട്ട്' സംരംഭത്തിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ, മാലിദ്വീപിലെ സൗദി എംബസിയുടെ ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്സ് ഫഹദ് അല്‍ ദോസാരി എന്നിവര്‍ പങ്കെടുത്തു.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവരുടെ നാടുകളില്‍നിന്ന് തന്നെ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുക എന്നതാണ് മക്ക റൂട്ട് പദ്ധതിയുടെ ലക്ഷ്യം.
Related News