മക്ക: ഹജ്ജ് തീര്‍ഥാടകരാല്‍ പരിശുദ്ധ മക്കയിലെ ഹറമും തെരുവോരങ്ങളും നിറഞ്ഞു കവിഞ്ഞു. ഹജ്ജിനു മുന്‍പായുള്ള ജുമുഅ ദിവസമായ ഇന്നലെ 14 ലക്ഷത്തോളം ഹാജിമാരാണ് ഇന്ന് ഹറമിലെത്തിയത്. ഇതില്‍ ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ തീര്‍ഥാടകരാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഹാജിമാരെ ഹറമിലെത്തിക്കാന്‍ ക്രമീകരണമുണ്ടായിരുന്നു. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പതിനഞ്ച് മിനിറ്റിന് താഴെയായിരുന്നു ജുമുഅയും നമസ്‌കാരവും. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ഹാജിമാര്‍ പുലര്‍ച്ചെ മുതല്‍ തന്നെ പള്ളിയിലേക്ക് നീങ്ങിയിരുന്നു.
കടുത്ത ചൂടിലും ഹാജിമാര്‍ക്ക് തണലായി വഴിയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സേവനത്തിനിറങ്ങി. വെള്ളവും ജ്യൂസും വിതരണം നടത്തി. ഇന്നലെ വൈകീട്ടോടെ കൊച്ചിയില്‍ നിന്ന് വന്ന 280 തീര്‍ഥാടകര്‍ എത്തിയതോടെ മുഴുവന്‍ മലയാളി ഹാജിമാരും മക്കയിലെത്തി. അവസാന ഇന്ത്യന്‍ സംഘം ഇന്നെത്തും. സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിലാണ്. മദീനയിലെ 40 നേരത്തെ നമസ്‌കാരം പൂര്‍ത്തിയാക്കിയും ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ഹജിനു തൊട്ടു മുന്‍പായിരിക്കും ഇവര്‍ മദീനയില്‍നിന്നു മടങ്ങുക.
മക്കയിലുള്ള ഹാജിമാര്‍ ഹജ്ജിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലാണ്. ഇവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ നല്‍കിവരികയാണ്.
Related News