മക്ക: 2025 ഹജ് സീസണില്‍ മക്കയിലെ തെരുവുകള്‍ വൃത്തിയാക്കുന്ന ഒരു കൂട്ടം ചൈനീസ് തീര്‍ത്ഥാടകരുടെ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പുണ്യനഗരത്തിന്റെ ശുചിത്വത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് ഈ സന്നദ്ധപ്രവര്‍ത്തനത്തില്‍ തെളിയുന്നത്. മക്ക മുനിസിപ്പാലിറ്റിയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
യാതൊരാളുടെയും നിര്‍ദ്ദേശമില്ലാതെ സ്വമേധയാ ചെയ്തതാണീ പ്രവൃത്തിയെന്ന് ചൈനീസ് തീര്‍ത്ഥാടകര്‍ പറഞ്ഞു. വഴിയില്‍നിന്ന് മാലിന്യങ്ങള്‍ നീക്കുന്നത് ഒരു പുണ്യകര്‍മ്മമായും തങ്ങളുടെ മതപരവും ധാര്‍മ്മികവുമായ കടമയുടെ ഭാഗമായും അവര്‍ കണക്കാക്കുന്നു.
'മക്ക നമ്മുടെ ഹൃദയങ്ങളിലും എല്ലാ മുസ്ലിംകളുടെയും ഹൃദയങ്ങളിലുമുണ്ട്, അതിന്റെ ശുചിത്വം ഈ പുണ്യസ്ഥലത്തോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ പ്രകടനമാണ്.'- വീഡിയോ ക്ലിപ്പില്‍ ഒരു തീര്‍ത്ഥാടകന്‍ പറയുന്നു.
ഈ സംരംഭം ഒരു വാര്‍ഷിക പാരമ്പര്യമായി മാറിയെന്നും ഓരോ ഹജ് യാത്രയിലും ഇത് പാലിക്കാറുണ്ടെന്നും തീര്‍ത്ഥാടകര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഹജ്ജ് സീസണില്‍ പുണ്യസ്ഥലങ്ങളിലെ ഒരു തുരങ്കം വൃത്തിയാക്കാന്‍ സ്വമേധയാ മുന്നിട്ടിറങ്ങിയ ഒരു കൂട്ടം ചൈനീസ് തീര്‍ത്ഥാടകരെ മക്ക മുനിസിപ്പാലിറ്റി ആദരിച്ചിരുന്നു.
പൊതുശുചിത്വം വര്‍ദ്ധിപ്പിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ ശുചിയായതും സുരക്ഷിതവുമായ ഒരു അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ സഹായിക്കുന്നുവെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
ഇത്തരം സംരംഭങ്ങള്‍ തീര്‍ത്ഥാടകരുടെ നല്ല മനോഭാവം എടുത്തു കാണിക്കുകയും ലോകമെമ്പാടുമുള്ള വിശുദ്ധ കഅ്ബ സന്ദര്‍ശിക്കുന്നവരുടെ സഹകരണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
Related News