മക്ക: ഫലസ്തീന്‍ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകരുടെ ആദ്യ സംഘത്തെ ഇസ്ലാമികകാര്യ, പ്രബോധന, മാര്‍ഗ്ഗനിര്‍ദ്ദേശ മന്ത്രാലയം സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകന്റെ അതിഥി പദ്ധതി പ്രകാരം ഈ വര്‍ഷം ഹജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി വെസ്റ്റ് ബാങ്കില്‍നിന്ന് 500 പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകരാണ് ഇന്നലെ മക്കയിലെത്തിയത്.
ഫലസ്തീന്‍ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍നിന്ന് 1000 പുരുഷന്മാരെയും സ്ത്രീകളെയും സ്വന്തം ചെലവില്‍ ഹജിന് ആതിഥേയത്വം വഹിക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ എത്തിച്ചേര്‍ന്നത്.
മന്ത്രാലയം ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് കമ്മിറ്റികള്‍ വഴി തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് എത്തിയ നിമിഷം മുതല്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. മക്കയിലെ താമസസ്ഥലങ്ങളിലേക്ക് അവരെ എത്തിക്കുന്നതും ഗതാഗതം ഒരുക്കുന്നതും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. സമാധാനപരവും സൗകര്യപ്രദവുമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ഇത് അവരെ സഹായിക്കുന്നു.
ആദ്യ സംഘം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ക്വീന്‍ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് പുറപ്പെട്ടത്. ജോര്‍ദാനിലെ സൗദി എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്‌സ് മുഹമ്മദ് ബിന്‍ ഹസ്സന്‍ മുഅ്‌നിസ് യാത്രയയപ്പ് നല്‍കി. രണ്ടാമത്തെ സംഘത്തില്‍പ്പെട്ട 500 പുരുഷന്മാരും സ്ത്രീകളും പിന്നീട് ഈജിപ്തില്‍നിന്ന് പുറപ്പെടും.
Related News