ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴയെ അക്ഷരാര്‍ഥത്തില്‍ ഉത്സവാന്തരീക്ഷത്തിലെത്തിക്കുകയായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തി. പ്രവേശനോത്സവത്തിന്റെ ആഹ്ലാദം നുകര്‍ന്ന് മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലെത്തിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു പ്രവേശിച്ചു.
കഴിഞ്ഞ കാലത്തെ ആശങ്കകളും നൊമ്പരങ്ങളും മറന്ന് സുഹൃത്തുക്കളെ വീണ്ടും കാണാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. കലവൂര്‍ സ്‌കൂളില്‍ രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. 9.30ന് വേദിയില്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് നടന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്.
അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള എല്ലാ പാഠ പുസ്തകങ്ങളും പ്രിന്റ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. മൂന്ന് കോടി പാഠപുസ്തകങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്ത വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍ പ്രവര്‍ത്തന സമയം രാവിലെ 9.45മുതല്‍ വൈകിട്ട് 4.15വരെയാക്കി. ഈ വര്‍ഷം ഇറക്കിയ അക്കാദമിക് കലണ്ടറിലാണ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തനസമയം അരമണിക്കൂര്‍ കൂട്ടാന്‍ തീരുമാനിച്ചത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സമയമാറ്റം.
യുപി വിഭാഗത്തില്‍ 200, ഹൈസ്‌കൂളില്‍ 204, എല്‍പിയില്‍ 198 അധ്യയന ദിനങ്ങള്‍ ഉറപ്പാക്കിയാണ് സ്‌കൂള്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കിയത്. എല്‍പിക്ക് ശനിയാഴ്ച പ്രവൃത്തിദിനമല്ല. യുപിയില്‍ രണ്ട് ശനിയും ഹൈസ്‌കൂളില്‍ ആറ് ശനിയും പ്രവൃത്തിദിനം. പൊതുവിദ്യാഭ്യാസ ചട്ടപ്രകാരം എല്‍പി ക്ലാസുകളില്‍ വര്‍ഷം 800 പഠന മണിക്കൂറും യുപി ക്ലാസുകളില്‍ 1,000 പഠന മണിക്കൂറും ഹൈസ്‌കൂളില്‍ 1,100 പഠനമണിക്കൂറുമാണ് വേണ്ടത്. പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നിയോഗിച്ച അഞ്ചംഗ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യയന ദിനങ്ങള്‍ നിശ്ചയിച്ചത്.
പ്രവേശനത്സവ ഉദ്ഘാടന ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സ്‌കൂള്‍തല പ്രവേശനോത്സവം നടന്നു. മന്ത്രിമാരും കലക്ടര്‍മാരും ജില്ലാതല പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Related News