ജിദ്ദ: ബലിപ്പെരുന്നാളിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ, വിവിധ പ്രദേശങ്ങളില്‍ ബലി മൃഗങ്ങളുടെ വില പരമാവധി 2,100 റിയാല്‍ വരെ രേഖപ്പെടുത്തി. ആടുകള്‍ക്ക് 1,000 നും 1,800 നും ഇടയിലാണ് വില രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ ഇത് 2,000 റിയാല്‍ വരെ എത്തി. കോലാടുകളുടെ വില 1,500 റിയാല്‍ മുതല്‍ 2,100 റിയാല്‍ വരെയായിരുന്നു. ഒട്ടകങ്ങള്‍ക്ക് 7,000 റിയാല്‍ മുതല്‍ 7,500 റിയാല്‍ വരെയാണ് വില ഈടാക്കുന്നത്.
ഈദുല്‍ അദ്ഹയോടനുബന്ധിച്ച് കന്നുകാലി വിപണികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബലി മൃഗങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിലയിലും ആനുപാതികമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വര്‍ഷം മുഴുവന്‍ കന്നുകാലികളെ പരിപാലിക്കുകയും ഈദ് സീസണില്‍ മികച്ച വില്‍പ്പന നേടുകയും ചെയ്യുന്നതിനുള്ള സുവര്‍ണ്ണാവസരമായാണ് കര്‍ഷകരും വ്യാപാരികളും ഇതിനെ കാണുന്നത്. മുന്‍കാല അനുഭവങ്ങള്‍ ഉപയോഗിച്ച് ഈ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് നിരവധി കന്നുകാലി കര്‍ഷകരും വ്യാപാരികളും അറിയിച്ചു.
ജിസാനിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശോധനാ സംഘങ്ങള്‍ കന്നുകാലികളുടെ ആരോഗ്യവും സാംക്രമിക രോഗങ്ങളില്‍നിന്നുള്ള സുരക്ഷിതത്വവും ഉറപ്പാക്കാന്‍ തീവ്രമായ പരിശോധനകള്‍ നടത്തുന്നുണ്ട്. ബലി മൃഗങ്ങള്‍ക്കാവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും, അറുക്കുന്നതിന് മുന്‍പും ശേഷവും ആരോഗ്യമുള്ള മൃഗങ്ങളെയും രോഗമുള്ള മൃഗങ്ങളെയും എങ്ങനെ തിരിച്ചറിയാമെന്നും സംഘം വിവരങ്ങള്‍ നല്‍കുന്നുണ്ട്.
Related News