കൊച്ചി: വിനോദ സഞ്ചാരികളായി കൊച്ചിയിലെത്തി പുതുവൈപ്പിനിലെ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യെമന്‍ സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. കോയമ്പത്തൂര്‍ രത്തിനം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ഥികളായ അബ്ദുള്‍ സലാം (21), ജബ്രാന്‍ ഖലീല്‍ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കോസ്റ്റല്‍ പൊലീസ്, ഞാറയ്ക്കല്‍ പൊലീസ്, വൈപ്പിന്‍ ഫയര്‍ ഫോഴ്‌സ് തുടങ്ങിയവര്‍ കടലില്‍ തിരിച്ചില്‍ തുടരുകയാണ്.
വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരില്‍നിന്ന് കാറിലാണ് ഇവര്‍ കൊച്ചിയിലെത്തിയതെന്ന് പറയുന്നു. ബീച്ചിലെത്തിയ ഒമ്പതംഗ സംഘം നീന്താനായി കടലില്‍ ഇറങ്ങിയപ്പോള്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ പറഞ്ഞുവെങ്കിലും ഭാഷാപ്രശ്‌നമുള്ളതിനാല്‍ നാട്ടുകാര്‍ പറഞ്ഞത് എന്താണെന്ന് കുട്ടികള്‍ക്ക് മനസിലായില്ലെന്നാണ് കരുതുന്നത്. സംഘത്തിലെ എട്ടുപേര്‍ യെമന്‍ സ്വദേശികളും ഒരാള്‍ സുഡാന്‍ പൗരനുമാണ്.
ഈ കടല്‍ത്തീരത്ത് ലൈഫ് ഗാര്‍ഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ അപകടം പിടിച്ച ഈ ബീച്ചില്‍ കുളിക്കാനിറങ്ങി മുന്‍പും ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മാത്രമല്ല, കടല്‍ ഇപ്പോള്‍ ഏറെ പ്രക്ഷുബ്ധമാണ്.
Related News