മക്ക: പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും. സുപ്രധാന കര്‍മങ്ങള്‍ തുടങ്ങാന്‍ ഒരുദിനം ബാക്കി നില്‍ക്കേ ഹാജിമാര്‍ മിനായിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഇന്നു വൈകുന്നേരം മുതല്‍ തീര്‍ഥാടക ലക്ഷം മിനായിലേക്കു നീങ്ങാന്‍ തുടങ്ങും. ഹജിന്റെ ആദ്യ കര്‍മമായ മിനായിലെ താമസം നാളെയാണ്. വ്യാഴാഴ്ചയാണ് സുപ്രധാന കര്‍മമായ അറഫാ സംഗമം. പ്രഭാതം മുതല്‍ പ്രദോഷംവരെ അവിടെ തങ്ങുന്ന ഹാജിമാര്‍ സുര്യാസ്തമയ ശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ ആകാശം മേല്‍ക്കൂരയാക്കി രാപ്പാര്‍ത്ത ശേഷം ബലിപെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച മിനയില്‍ തിരിച്ചെത്തി ജംറയിലെ കല്ലേറു കര്‍മം നടത്തും. അതിനു ശേഷം കഅ്ബയിലെത്തി തവാഫും സഇയും നിര്‍വഹിച്ച ശേഷം തല മുണ്ടനം ചെയ്ത് ബലികര്‍മം നിര്‍വഹിച്ച് ഹജ്ജിന്റെ വേഷമായ ഇഹ്‌റാമില്‍നിന്ന്് വിടവാങ്ങും. പിന്നീട് രണ്ടു ദിനം കൂടി മിനായില്‍ തങ്ങിയാണ് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക. ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ ആവശ്യമായ എല്ലാ മുന്‍ കരുതലുകളും സൗദി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം 18 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുകയെന്നാണ് വിവരം. ഔദ്യോഗികമായ കണക്കുകൂള്‍ പിന്നീടു പുറത്തു വരും.
ഹാജിമാരെ സ്വീകരിക്കാനായി പുണ്യനഗരികള്‍ ഒരുങ്ങിക്കഴിഞ്ഞു. അല്ലാഹുവിന്റെ അതിഥികളെ വരവേല്‍ക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരിയായ മിന അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. 25 ലക്ഷം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മിനായില്‍ രണ്ട് ലക്ഷത്തോളം തമ്പുകള്‍ ഉണ്ട്. ഇത്തവണ മിന കൂടുതല്‍ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്. മിനാ ടവറിനു പുറമേ കിദാന ടവറുകളിലും തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളില്‍ ഹോട്ടലിനോട് സമാനമാണ് സൗകര്യങ്ങള്‍. കിദാന കമ്പനി നിര്‍മിച്ച ടവറില്‍ 30,000 തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ കഴിയും.
മക്കയിലെ താമസകേന്ദ്രങ്ങള്‍ അവസാന തയാറെടുപ്പിലാണിപ്പോള്‍ ഹാജിമാര്‍.
17 ലക്ഷത്തോളം വിദേശ ഹാജിമാര്‍ ഇപ്പോള്‍ മക്കയിലുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആഭ്യന്തര തീര്‍ഥാടകര്‍ ബുധനാഴ്ച വൈകുന്നേരത്തോടെ എത്തും. ഇത്തവണ ഒരു അനധികൃത തീര്‍ഥാടനവും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ കാമ്പയിന്‍ വന്‍ വിജയമായിരുന്നു. രണ്ടു ലക്ഷത്തിലേറെ പേരെയാണ് ഇത്തരത്തില്‍ തിരിച്ചയച്ചത്. മക്ക പൂര്‍ണമായും സൈന്യത്തിന് കീഴിലാണ്്.
1,22,518 ഹാജിമാരാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ 18,000 പേര്‍ കേരളത്തില്‍ നിന്നുമാണ്്. ഇന്ത്യന്‍ ഹാജിമാരോട് ചൊവ്വാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഹാജിമാരെ ഹജ്ജ് സര്‍വിസ് കമ്പനികളാണ് മിനായിലേക്ക് എത്തിക്കുക. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ബന്ധിപ്പിക്കുന്ന മെട്രോ ടെയിന്‍ സൗകര്യം ഇത്തവണ 59,265 ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് ലഭിക്കുക. മറ്റുള്ളവര്‍ ബസ് മാര്‍ഗമാണ് യാത്രയാകുന്നത്.
ഹജ്ജ് ദിനങ്ങളിലെ കനത്ത ചൂട് കണക്കിലെടുത്ത് അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങള്‍ മിനായിലും അറഫയിലും റോഡിലും മറ്റും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം തീര്‍ഥാടകരുടെ യാത്രകള്‍ എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
Related News