മിനാ- ഇന്ന് ഹജിന്റെ അവസാന ദിവസവും തഷ്‌രീഖ് ദിനങ്ങളിലെ മൂന്നാം ദിവസവുമാണ്. തീര്‍ത്ഥാടകര്‍ ഇന്ന് മൂന്ന് ജംറകളിലും കല്ലേറ് കര്‍മ്മം നിര്‍വഹിച്ചു. ഏറ്റവും ചെറിയ ജംറയില്‍നിന്ന് തുടങ്ങി, പിന്നീട് മധ്യ ജംറയിലും ഒടുവില്‍ ജംറത്തുല്‍ അഖബയിലും കല്ലേറ് പൂര്‍ത്തിയാക്കി.
കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം തീര്‍ത്ഥാടകര്‍ മക്കയിലെത്തി വിടവാങ്ങല്‍ ത്വവാഫ് (ത്വവാഫുല്‍ വിദാഅ്) നിര്‍വഹിച്ചു. കല്ലേറ് കര്‍മ്മത്തിനോ മക്കയിലേക്കുള്ള യാത്രയിലോ തീര്‍ത്ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.
ഇന്നത്തെ ജംറകളിലെ കല്ലേറിന് ശേഷം, തീര്‍ത്ഥാടകരുടെ സംഘങ്ങള്‍ മിനായോട് വിട പറയും. ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അവര്‍ മടങ്ങുന്നത്. മനസ്സില്‍ മനോഹരമായ ഓര്‍മ്മകളും പാപങ്ങളും തെറ്റുകളും പൊറുക്കപ്പെട്ട്, മാതാവ് പ്രസവിച്ച ദിവസത്തെപ്പോലെ പരിശുദ്ധരായി സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ് തീര്‍ഥാടകര്‍.
തീര്‍ത്ഥാടകരുടെ മിനായോടുള്ള ഈ വിടവാങ്ങല്‍ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കും. പുണ്യസ്ഥലങ്ങളിലെ ഓരോ നിമിഷവും ഓരോ സ്ഥലവും സ്‌നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ ഓര്‍മ്മകള്‍ അവര്‍ക്ക് സമ്മാനിച്ചു. അല്ലാഹുവോടുള്ള അനുസരണയും സ്മരണയും ആരാധനയും നിറഞ്ഞ നിമിഷങ്ങളായിരുന്നു അവ. തങ്ങളുടെ കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുമെന്നും പാപങ്ങള്‍ പൊറുക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയോടെ, നാഥനായ റഹ്‌മാനോടുള്ള ആദരവിലും കൊതിയിലും അവര്‍ കണ്ണീര്‍ പൊഴിച്ചാണ് ഓരോ ഹാജിയും മടങ്ങുന്നത്്.
Related News