ദുബായ്- ടെഹ്‌റാനില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യെമനിലെ വിമത സര്‍ക്കാര്‍. കഴിഞ്ഞ ദിവസം അവരുടെ സായുധ വിഭാഗം നടത്തിയ പ്രസ്താവനക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി യെമന്‍ വിമത സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. അമേരിക്ക ഇറാനില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് യെമന്റെ ഈ പ്രതികരണം.
ഇസ്രായേലില്‍ മിസൈല്‍ ആക്രമണം; 23 പേര്‍ക്ക് പരിക്ക്
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ രണ്ട് ഘട്ടങ്ങളായി മിസൈലുകള്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്ന് മധ്യ ഇസ്രായേലില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു കെട്ടിടത്തില്‍ മിസൈല്‍ പതിക്കുകയും ചെയ്തു. കൂര്‍ത്ത വസ്തുക്കള്‍ കൊണ്ടാണ് 30 വയസ്സുകാരനായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് ഇസ്രായേലിലെ മാഗന്‍ ഡേവിഡ് അഡോം രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. രാവിലെ 7:30 ഓടെ ഇസ്രായേലിലേക്ക് തൊടുത്ത രണ്ട് മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം മധ്യ ഇസ്രായേലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ ചാനലുകള്‍ കാണിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മേഖലയില്‍ അതീവ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
പ്രധാന യുഎസ് നാവിക താവളമുള്ള ബഹ്‌റൈന്‍, ഇറാനിലെ യുഎസ് വ്യോമാക്രമണത്തിന് പിന്നാലെ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. 'മേഖലയിലെ സാഹചര്യങ്ങളും നിലവിലെ സംഭവവികാസങ്ങളും കണക്കിലെടുത്ത്, മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും 70 ശതമാനം വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തും,' ഔദ്യോഗിക ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിന്റെ മുന്നറിയിപ്പ്
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍, ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതിന് ശേഷം ഗുരുതരമായ പ്രത്യാഘാതങ്ങളെ ഭയക്കുന്നതായി അറിയിച്ചു. 'മേഖലയിലെ നിലവിലെ അപകടകരമായ ഈ സംഘര്‍ഷം പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ ദുരന്തകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്' ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ കക്ഷികളും വിവേകവും സംയമനവും പാലിച്ച് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഐഎഇഎ അടിയന്തര യോഗം വിളിക്കും
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ, യുഎന്‍ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി തലവന്‍ തിങ്കളാഴ്ച വിയന്നയിലെ ആസ്ഥാനത്ത് അടിയന്തര യോഗം വിളിച്ചുചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചു. 'ഇറാനിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ഞാന്‍ നാളെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ഒരു അടിയന്തര യോഗം വിളിക്കുകയാണ്,' റാഫേല്‍ ഗ്രോസി എക്സില്‍ കുറിച്ചു.
യുഎസ് ആക്രമണത്തെ അപലപിച്ച് ഒമാന്‍
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഒമാന്‍, ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇറാനിലെ സ്ഥലങ്ങളില്‍ യു.എസ് നടത്തിയ നേരിട്ടുള്ള വ്യോമാക്രമണങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഗാധമായ ആശങ്കയും അപലപനവും പ്രകടിപ്പിക്കുന്നതായി ഔദ്യോഗിക ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ
അയല്‍രാജ്യമായ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ സൗദി അറേബ്യ 'വലിയ ആശങ്ക' പ്രകടിപ്പിച്ചു. 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതുമായി ബന്ധപ്പെട്ട് സഹോദര രാജ്യമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ സംഭവവികാസങ്ങള്‍ സൗദി അറേബ്യ അതീവ ആശങ്കയോടെ നിരീക്ഷിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു.
Related News