കുവൈത്ത് സിറ്റി: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്. കാസര്‍കോട് കസബ കടപ്പുറം സ്വദേശി ജിജേഷിന് (28) ഗുരുതരമായി പരിക്കേറ്റു.
കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിഗ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്. ജോലിക്കിടെ നിഷിലിന്റെയും സുനി സോളമന്റെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്ക് ഭാരമേറിയ വസ്തു വീഴുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും മരിച്ചവരുടെ മൃതദേഹങ്ങള്‍ ജഹ്റ ആശുപത്രിയിലേക്ക് മാറ്റുകയും പരുക്കേറ്റ ജിജേഷിനെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിലവില്‍ ജഹ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ഗര്‍ഭിണിയായ ഭാര്യയെയും ഒന്നര വയസ്സുള്ള മകളെയും മാതാപിതാക്കളെയും കാണാന്‍ നാട്ടിലേക്ക് പോകാനിരിക്കെയാണ് നിഷിലിന്റെ മരണം. ഈ മാസം 17ന് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുവൈത്തില്‍ പ്രവാസിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ആതിരയാണ് ഭാര്യ. മകള്‍: ജാനകി. പിതാവ്: സദാനന്ദന്‍, മാതാവ്: സുനന്ദ.
Related News