തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കുന്നതിന് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം കോര്‍പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ പാര്‍ട്ടി നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിച്ചുരുന്നു. തൂങ്ങി മരിക്കുന്നതിനു മുമ്പ് ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന് പിന്നില്‍ ബി ജെ പി നേതാക്കളാണെന്നും, ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ ആനന്ദ് ആരോപിക്കുന്നത്.
'എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല, പക്ഷേ ബി ജെ പി പ്രവര്‍ത്തകരെയും ആര്‍ എസ് എസ് പ്രവര്‍ത്തകരെയും ഭൗതിക ശരീരം കാണാന്‍ പോലും അനുവദിക്കരുതെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍ എസ് എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പുവരെയും ഞാനൊരു ആര്‍ എസ് എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.'- എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
Related News