ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പത്തിയൂര്‍ പഞ്ചായത്തിലെ നിരണം വീട്ടില്‍ സി. ജയപ്രദീപ് (45) ആണ് ആത്മഹത്യാശ്രമം നടത്തിയത്. കൃത്യസമയത്ത് വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജയപ്രദീപിന്റെ ജീവന്‍ രക്ഷിക്കാനായി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പത്തിയൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ജയപ്രദീപിനെയാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍, ജില്ലാ നേതൃത്വം മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതായി അറിഞ്ഞതോടെയാണ് ജയപ്രദീപ് കടുംകൈക്ക് മുതിര്‍ന്നത്. ജയപ്രദീപിനെയാണ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചതെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്.
ഇതിനിടെ, യു.ഡി.എഫ്. ധാരണയുടെ അടിസ്ഥാനത്തില്‍ 18-ാം വാര്‍ഡ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന് വിട്ടുനല്‍കിയതായും, ആ വിഭാഗത്തിലെ സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചതായും സൂചനകളുണ്ട്. ഇതോടെ വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
Related News