തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന നഗരിയില്‍ സിപിഎമ്മിന് തലവേദനയായി വിമതനീക്കം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉള്ളൂര്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.
പുറത്താക്കിയ വിവരം ലോക്കല്‍ സെക്രട്ടറി ഫോണ്‍ വഴി ഔദ്യോഗികമായി അറിയിച്ചതായി കെ. ശ്രീകണ്ഠന്‍ സ്ഥിരീകരിച്ചു. കാല്‍നൂറ്റാണ്ടോളം സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീകണ്ഠന്‍. പാര്‍ട്ടിയുടെ നടപടിയെ തുടര്‍ന്നും മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'പാര്‍ട്ടിയില്‍ നിന്നല്ല, എവിടെനിന്ന് പുറത്താക്കിയാലും ഞാന്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കും. ഉള്ളൂരില്‍ ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്,' ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
മത്സരരംഗത്തേക്ക് ഇറങ്ങിയ ശ്രീകണ്ഠന്റെ നീക്കം പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തന്നോട് ആദ്യം മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ പിന്നീട് പല 'കളികളും' നടക്കുകയും താന്‍ പുറത്താകാന്‍ കാരണമാകുകയും ചെയ്തുവെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു. ഇതിന് പിന്നില്‍ മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ കടകംപള്ളി സുരേന്ദ്രനാണ് എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കെ. ശ്രീകണ്ഠനെ പുറത്താക്കിയെന്ന വാര്‍ത്ത വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി നിഷേധിച്ചു. പുറത്താക്കലുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഒരു ആലോചനയും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കിയുള്ളതിനാല്‍, അതുവരെ അനുനയ നീക്കം തുടരാനും അതിനുശേഷം മാത്രമേ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നുമാണ് ഏരിയ കമ്മിറ്റിയുടെ നിലപാട്. പാര്‍ട്ടി ഔദ്യോഗികമായി പുറത്താക്കിയില്ലെങ്കിലും, ലോക്കല്‍ കമ്മിറ്റിയുടെ വാക്കാല്‍ അറിയിപ്പ് ശ്രീകണ്ഠന്റെ വിമതനിലപാടിന് ആക്കം കൂട്ടിയിരിക്കുകയാണ്.
Related News