തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് നടപടി.
തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് പത്മകുമാര്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പത്മകുമാറിനെ ഇന്ന് തന്നെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
സ്വര്‍ണക്കൊള്ള കേസില്‍ നേരത്തെ അറസ്റ്റിലായ മുരാരി ബാബു, എന്‍. വാസു ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴികള്‍ പത്മകുമാറിന് എതിരായിരുന്നു. സ്വര്‍ണ്ണം ചെമ്പാക്കി മാറ്റാന്‍ ഉത്തരവിറക്കിയത് പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം.
പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് എന്‍. വാസു കമ്മീഷണറായി സേവനമനുഷ്ഠിച്ചത്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് എ. പത്മകുമാര്‍.
നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്.ഐ.ടി. പത്മകുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം സമയം നീട്ടി ചോദിക്കുകയായിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെ രണ്ടാമതും നോട്ടീസ് നല്‍കിയതോടെ അന്വേഷണം പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് വ്യക്തമായിരുന്നു.
പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ നല്‍കിയത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്.ഐ.ടി. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടക്കം അന്വേഷിച്ചുവരികയാണ്.
ഈ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, ഡി. സുധീഷ്‌കുമാര്‍, എന്‍. വാസു എന്നിവരും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാല് വരെ കസ്റ്റഡിയില്‍ ലഭിച്ച എന്‍. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ശ്രമിച്ചിരുന്നു.
Related News