കൊച്ചി: ലിവ്-ഇന്‍ പങ്കാളിയെ കേബിള്‍ വയറുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ അറസ്റ്റില്‍. യുവതി മരട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവാഹബന്ധം വേര്‍പെടുത്തിയ യുവതി അഞ്ചു വര്‍ഷമായി ഗോപു പരമശിവനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളില്‍ നിന്നു പതിവായി മര്‍ദനമേറ്റിരുന്ന യുവതിയുടെ ദേഹം മുഴുവന്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഗോപു പരമശിവന്റെ തുടര്‍ച്ചയായ പീഡനങ്ങളെത്തുടര്‍ന്നാണ് യുവതി വീടുവിട്ടിറങ്ങിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഗോപു തന്നെയാണ് നേരത്തെ പോലീസില്‍ പരാതി നല്‍കിയത്.
ഗോപുവിന്റെ പരാതിയില്‍ പോലീസ് യുവതിയെ കണ്ടെത്തി സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് യുവതി സ്റ്റേഷനിലെത്തി യുവാവിനെതിരെ ഞെട്ടിക്കുന്ന പരാതി നല്‍കിയത്. ഗോപുവില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നുവെന്നും തന്നെ കേബിള്‍ വയറുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. പുറത്തുപോകാന്‍ അനുവദിക്കാതെ വീട്ടില്‍ പൂട്ടിയിട്ടിരുന്നുവെന്നും തന്റെ മുന്‍ബന്ധത്തിലുള്ള കുട്ടികളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, ഗോപു പരമശിവനെതിരെ നിയമനടപടികള്‍ ആരംഭിച്ചു.
Related News