കോട്ടയം: നഗരത്തിലെ മാണിക്കുന്നത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നഗരസഭ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുറിനെയും മകന്‍ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് ആദര്‍ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പറയുന്നു.
ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അഭിജിത്തും ആദര്‍ശും ലഹരിക്കേസിലും പ്രതികളാണ്. ഇവര്‍ തമ്മില്‍ നേരത്തെ മുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും ബൈക്ക് പണയത്തിന് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നു. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന അനില്‍കുമാറിന് ഇത്തവണ മത്സരിക്കുന്നതിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന അദ്ദേഹം എതിര്‍ മുന്നണിയിലേക്കു മാറാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പറയുന്നു.
Related News