തിരുവനന്തപുരം: പിതാവും മകനും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടെ കമ്പിപ്പാര കൊണ്ട് പിതാവിന്റെ അടിയേറ്റ വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്ക് (28) മരിച്ചു. ആഡംബര കാര്‍ വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് നടത്തിയ ആക്രമണത്തില്‍ സഹികെട്ട് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടര്‍ന്ന് വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്‍ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്.
വിനയാനന്ദനെ വഞ്ചിയൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം. ബംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനാണ്. അമ്മ: അനുപമ.
ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാര്‍ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു.
Related News