കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന്‍ ആത്മഹത്യാശ്രമം നടത്തി. മദ്യലഹരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ ജീവനൊടുക്കാനുള്ള ശ്രമമെന്ന് പോലീസ് സ്ഥിരീകരിച്ചു. പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങിയാണ് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്.
ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കും സാക്ഷി വിസ്താരങ്ങള്‍ക്കും ശേഷം കേസിന്റെ വിധി വരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ സംഭവം. കേസിലെ അന്തിമ വിധി ഡിസംബര്‍ 8-ന് പ്രഖ്യാപിക്കും. 2025 ഏപ്രിലിലാണ് കേസില്‍ അന്തിമ വാദം പൂര്‍ത്തിയാക്കിയത്.
ഒന്നാം പ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍), എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവരടക്കം ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ ആകെ 28 സാക്ഷികള്‍ കൂറുമാറിയത് ശ്രദ്ധേയമായിരുന്നു. ഏഴര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കര്‍ശന വ്യവസ്ഥകളോടെ 2024 സെപ്റ്റംബറിലാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്. നിലവില്‍ എല്ലാ പ്രതികളും ജാമ്യത്തിലാണ്. ഡിസംബര്‍ 8-ന് വിധി പ്രഖ്യാപിക്കുന്ന ദിവസം കേസിലെ എല്ലാ പ്രതികളും കോടതിയില്‍ നിര്‍ബന്ധമായും ഹാജരാകണം.
Related News