തിരുവനന്തപുരം: വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കി. കേരളം, തമിഴ്നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14-നാണ് പ്രസിദ്ധീകരിക്കുക.
പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറഞ്ഞിരുന്നു.
അര്‍ഹരായ പലരും വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവര്‍ സമയം നീട്ടണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
കേരളത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമായി വിതരണം ചെയ്ത ഫോമുകളില്‍ 42 ലക്ഷം എണ്ണമാണ് ഇനി തിരികെ ലഭിക്കാനുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2.78 കോടിയില്‍ 99.5 ശതമാനം (2.76 കോടി) ഫോമുകള്‍ വിതരണം ചെയ്‌തെന്നാണ് കമീഷന്റെ കണക്ക്. ഇതില്‍ 85 ശതമാനമായ 2.34 കോടി ഫോമുകളാണ് തിരികെ എത്തിയത്.
2.34 കോടി ഫോമുകളില്‍ 75 ശതമാനവും ഡിജിറ്റൈസ് ചെയ്‌തെന്നാണ് നിഗമനം. അപ്ലോഡ് ചെയ്ത എന്യൂമറേഷന്‍ ഫോമുകളുടെ എണ്ണം 1.75 കോടി വരും. കിട്ടിയിട്ടും ഡിജിറ്റൈസ് ചെയ്യാന്‍ അവശേഷിക്കുന്നത് 59 ലക്ഷം ഫോമുകളാണ്. ഡിജിറ്റൈസ് ചെയ്തതില്‍ 91 ശതമാനത്തിലും മാപ്പിങ് പൂര്‍ത്തിയാക്കാനായി. 2002ലെ പട്ടികയില്‍ പേരുള്ളവരോ രക്ഷിതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരോ ആണ് ഈ 91 ശതമാനമായ 1.59 കോടി പേര്‍. ഇവര്‍ തിരിച്ചറിയില്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരില്ല. ശേഷിക്കുന്ന ഒമ്പത് ശതമാനമായ 16 ലക്ഷം പേര്‍ രേഖകള്‍ സമര്‍പ്പിക്കണം. ഡിജിറ്റൈസേഷന്‍ 71 ശതമാനം പിന്നിട്ടപ്പോള്‍തന്നെ കണ്ടെത്താനാകാത്തവരുടെ എണ്ണം 7.61 ലക്ഷം കവിഞ്ഞു. ഇതില്‍ 3.41 ലക്ഷം മരിച്ചവരാണ്. 88,945 പേരെ കണ്ടെത്താനായിട്ടില്ല. 2.79 ലക്ഷം പേര്‍ സ്ഥിരമായി താമസം മാറിയവരാണ്.
Related News