തിരുവനന്തപുരം- രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതിജീവിതയുടെ പരാതിയിലാണ് നടപടി.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാഹുല്‍ പരസ്യമാക്കിയെന്നും സൈബര്‍ ആക്രമണം നടത്തിയെന്നുമാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ വീട്ടിലെത്തിയ സൈബര്‍ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിക്കെതിരെ രാഹുല്‍ ഈശ്വാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ അതിജീവിതയുടെ ചിത്രങ്ങളും പേര് വിവരങ്ങളും അടക്കം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നതായും പോലീസിന് പരാതി ലഭിച്ചിരുന്നു.
ബലാത്സംഗത്തിന് ഇരയായി മരിച്ചാല്‍ പോലും, മരണപ്പെട്ട ഇരക്ക് ആത്മാഭിമാനം ഉണ്ടെന്നും, അവരെ അപമാനിക്കാനോ പേരുകള്‍ പുറത്തു പറയാനോ മാധ്യമങ്ങള്‍ക്കോ ഏതെങ്കിലും വ്യക്തികള്‍ക്കോ അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. അതിജിവിതക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് പറയുന്നത്.
Related News