തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ പുതിയവിള വാര്‍ഡിലെ ഒന്നാം ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ഗുരുതരമായ പരാതി. എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ അത് ബിജെപിക്ക് രേഖപ്പെടുത്തുന്നു എന്നായിരുന്നു പരാതി. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനല്‍കുമാര്‍ മത്സരിക്കുന്ന വാര്‍ഡാണിത്. 84 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടതും പരാതി ഉയര്‍ന്നതും.
പരാതിയെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചു. ഏകദേശം ഒന്നര മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച ശേഷമാണ് പോളിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
വോട്ടിംഗ് യന്ത്രത്തിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചു. കൂടാതെ, വോട്ടിംഗ് യന്ത്രം മാറ്റുന്നതിന് മുമ്പ് വോട്ട് ചെയ്തവര്‍ക്ക് റീപോളിംഗ് അവസരം നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
Related News